കുറ്റിച്ചൽ: ആദിവാസി ഉന്നതിയിലേക്കുള്ള റോഡ് അവരുടെത്തന്നെ കൂട്ടായ്മയിൽ നവീകരിക്കുന്നു. കുറ്റിച്ചൽ പഞ്ചായത്തിലെ ചോനം പാറ വാർഡിലെ അഗസ്ത്യവനം പൊത്തോട് ഉന്നതിയിലേക്കുള്ള റോഡാണു കാണി സമുദായത്തിലെ ഗിരിവർഗക്കാർ പഞ്ചായത്തിന്റെ സഹായത്തോടെ നവീകരിക്കുന്നത്.
വിവിധ രാഷ്ട്രീയ പാർട്ടികളുടെ തെരഞ്ഞെ ടുപ്പു വാഗ്ദാനമായിരുന്നു പാതയുടെ നവീകരണം. എന്നാൽ ആരും സഹായിക്കാൻ എത്തിയില്ലെന്നും ജില്ലാ പഞ്ചായത്തും ബ്ലോക്ക് പഞ്ചായത്തും അവഗണിച്ചുവെന്നും ഉന്നതി യിലെ താമസക്കാർ ആരോപിക്കുന്നു.
പുറം നാട്ടിൽനിന്നും 20 കി.മീ അകലെയുള്ള കാണി ഊരാണ് പൊത്തോട്. ഇവിടുള്ളവർക്ക് പുറം നാട്ടിലെത്തണമെങ്കിൽ ഈ പാത താണ്ടണം. കുറ്റിച്ചൽ പഞ്ചായത്താണു പാത നവീകരിക്കാൻ പദ്ധതിയിട്ടത്. ഇതിന്റെ ഭാഗമായി ഊരുകൂട്ടം ചേരുകയും നിവാസികൾ സഹകരിക്കാമെന്നു ഉറപ്പു നൽകുകയുമായിരുന്നു. തുടർന്നാണ് പഞ്ചായത്തംഗം സുരേഷ് മിത്രയുടെ നേതൃത്വത്തിൽ പണി തുടങ്ങിയത്.